|
ഹോം
എം.ടി.യുടെ കോഴിക്കോട്
കോഴിക്കോട്ടേക്ക്
Posted on: 23 Sep 2008 കോഴിക്കോടിന്റെ മണ്ണില്‍ ഞാനാദ്യമായി കാലുകുത്തുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്. കുട്ടിക്കാലത്തെ ആ മിന്നല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്.അച്ഛന്‍ നാരായണന്‍നായര്‍ സിലോണില്‍നിന്ന് ആയിടെ അവധിക്ക് നാട്ടില്‍ വന്നിരുന്നു. അങ്ങനെയൊരു ദിവസം അച്ഛന് ചില ബാങ്കിടപാടുകള്‍ക്കായി കോഴിക്കോട്ട് പോകേണ്ട ആവശ്യം വന്നു. അതുവരെ കോഴിക്കോടിനെക്കുറിച്ച് എനിക്കു കേട്ടറിവേയുള്ളൂ. കോഴിക്കോട്ടുപോയി നഗരക്കാഴ്ചകള്‍ കാണണമെന്ന മോഹം അന്നേ മനസ്സിലുണ്ട്. അച്ഛന്‍ കോഴിക്കോട്ടേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആ മോഹം കലശലായി. എന്റെ ഭാഗ്യം കൊണ്ടോ എന്തോ, യാത്രയ്ക്ക് എന്നെയും കൂട്ടാന്‍ അച്ഛന്‍ സമ്മതംമൂളി. എന്റെ മനസ്സില്‍ സന്തോഷം നിറഞ്ഞു. പിറ്റേന്നു പുലര്‍ച്ചെ, അച്ഛനും ഞാനും യാത്രപുറപ്പെട്ടു കൂടല്ലൂരില്‍നിന്നും പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തി. നേരം പരപരാവെളുത്തതും കോഴിക്കോട്ടേക്കുള്ള ടിക്കറ്റെടുത്ത് ഞങ്ങള്‍ തീവണ്ടി കയറി. വഴിയോരക്കാഴ്ചകള്‍ കണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. അവിടന്ന് 'ഇംപീരിയല്‍ ബാങ്ക്' ലക്ഷ്യമാക്കി നടന്നു. ഇന്നത്തെ 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ സ്ഥാനത്തായിരുന്നു ആ ബാങ്ക്. അച്ഛന് ഇടപാടുള്ളതും 'ഇംപീരിയല്‍ ബാങ്കു'മായിത്തന്നെ. അച്ഛന്‍ ബാങ്കിനകത്തേക്ക് കയറിപ്പോയി. ഞാനാകട്ടെ, നിരത്തിലെ കാഴ്ചകള്‍ കാണാനായി പുറത്തുതന്നെ നിന്നു. ആ നഗരക്കാഴ്ചകള്‍ കൂടല്ലൂരുനിന്നു വന്ന എനിക്ക് കൗതുകകരമായിത്തോന്നി. ഇന്നത്തേതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അന്നത്തെ കോഴിക്കോട് നഗരവും നിരത്തുകളും. പ്രധാന നിരത്തുകളിലൂടെയെല്ലാം അക്കാലത്ത് കുതിരവണ്ടികള്‍ തലങ്ങും വിലങ്ങും ഓടിയിരുന്നു. മണികിലുക്കിയോടുന്ന കുതിരവണ്ടികള്‍ നോക്കിനില്‍ക്കുക രസകരമായ കാഴ്ചയായി. ബാങ്കിനു മുന്നിലെ നിരത്തുവക്കില്‍നിന്ന് ഞാനതു നോക്കിനിന്നു. മഴപെയ്തുതോര്‍ന്ന പകലായിരുന്നു അത്. നിരത്തിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടന്നിരുന്നു. കുതിരവണ്ടികളുടെ പാച്ചില്‍ നോക്കിനില്‍ക്കെ, ഒരപകടം പറ്റി. ഒരു വണ്ടിയില്‍ കെട്ടിയിരുന്ന കുതിരയുടെ കാല്‍ റോഡിലെ വെള്ളക്കെട്ടില്‍ പതിച്ചപ്പോള്‍ ചെളിവെള്ളം എന്റെ വെള്ളക്കുപ്പായത്തില്‍ തെറിച്ചുവീണു. ഞാന്‍ നിസ്സഹായനായി നിന്നു. അച്ഛന്‍ ബാങ്കില്‍നിന്നിറങ്ങിവന്നപ്പോള്‍ കണ്ട കാഴ്ച ഇതാണ്. അന്നേ ദിവസം ഉച്ചയ്ക്കുള്ള വണ്ടിയില്‍ത്തന്നെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോന്നു. കേവലം അര ദിവസത്തില്‍ത്താഴെ മാത്രം നീണ്ട നഗരസന്ദര്‍ശനമായിരുന്നു അത്. എങ്കിലും, കോഴിക്കോടിനോട് മനസ്സില്‍ നേരത്തേയുണ്ടായിരുന്ന അടുപ്പം ദൃഢപ്പെടാന്‍ അത് കാരണമായി. കൂടല്ലൂരുപോലൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നെത്തിയ ഒരു സാധാരണ ബാലനെ ഈ നഗരക്കാഴ്ചകള്‍ വശീകരിക്കാതിരിക്കുന്നതെങ്ങനെ? അത്തരം കാഴ്ചകള്‍ മനസ്സിലേറ്റി മടങ്ങുമ്പോഴും പിന്നീടെന്റെ തട്ടകം കോഴിക്കോട്ടാവുമെന്ന് ഞാനന്ന് ഊഹിച്ചതേയില്ല. പില്‍ക്കാലത്ത് തൊഴില്‍തേടിയും മറ്റും ഞാന്‍ വീണ്ടും പലതവണ കോഴിക്കോട്ടെത്തി. ഒടുവില്‍, 1956-ല്‍ 'മാതൃഭൂമി'യില്‍ ജോലികിട്ടി കോഴിക്കോട്ട് സ്ഥിരതാമസക്കാരനുമായി. മുമ്പെനിക്ക് കൗതുകം പകര്‍ന്നുതന്ന കുതിരവണ്ടികള്‍ അപ്പോഴേക്കും കോഴിക്കോട്ടെ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആ സ്ഥാനത്ത് ആളുകള്‍ വലിക്കുന്ന റിക്ഷാവണ്ടികള്‍ സ്ഥാനംപിടിച്ചു. പിന്നെയും കുറെക്കഴിഞ്ഞാണ് സൈക്കിള്‍ റിക്ഷയുടെ വരവ്. നഗരനിരത്തുകള്‍ വാഹനങ്ങള്‍ നിറഞ്ഞ് ശ്വാസംമുട്ടിക്കുന്ന ഇക്കാലത്തും ആ പഴയ കുതിരക്കുളമ്പടികള്‍ ഇടയ്ക്കിടെ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു.
|
|
||||
© Copyright 2008 Mathrubhumi. All rights reserved.
|
|||||